musings

താക്കോൽ സ്ഥാനം

‘Artificial intelligence’ – മലയാളത്തിൽ പണ്ട് ‘കൃത്രിമബുദ്ധി’ എന്ന് വിശേഷിപ്പിച്ചോണ്ടിരുന്നത് ഇപ്പോൾ പലയിടത്തും ‘നിർമിതബുദ്ധി’ എന്നാണ് കാണുന്നത്. പൂർണമായും യോജിക്കുന്നു. കാര്യം ‘ആർട്ടിഫിഷ്യൽ’ എന്ന വാക്കൊക്കെ ഉണ്ടെങ്കിലും ‘കൃത്രിമം’ എന്നല്ല ഉദ്ദേശിക്കുന്നത്. ‘നിർമിത ബുദ്ധി’ ആണ് ആപ്റ്റ്, അല്ലെങ്കിൽ ഏറെ അനുയോജ്യമായ പ്രയോഗം.

ഇതുപോലെ ധാരാളം വാക്കുകളുണ്ട് മലയാളത്തിൽ. ‘Four wheelers’ – നാല്ചക്ര വാഹനങ്ങൾ, ‘Mainstream media’ – മുഖ്യധാര മാധ്യമങ്ങൾ, അങ്ങനെ പലതും. ഒരു തെറ്റുമില്ല. പക്ഷെ ചിരിപ്പിക്കുന്ന ചില പ്രയോഗങ്ങളും ഉണ്ട്. ഉദാഹരണത്തിന് ‘those holding key positions’ എന്നതിന് ‘താക്കോൽ സ്ഥാനത്തിരിക്കുന്നവർ’ എന്ന് പലയിടത്തും കണ്ട് ചിരിച്ച് ഒരു വഴിയായിട്ടുണ്ട്. താക്കോലിന് ആ സ്ഥാനവുമായി ഒരു ബന്ധവുമില്ല. അതാ ട്രെയിലെങ്ങാനും കിടന്നോട്ടെ.

ഇന്ന് വായിച്ച മറ്റൊരു പ്രയോഗമാണ് ‘കാർബൺ കാൽപ്പാദവ്യാപ്തി കുറയ്ക്കൽ’. ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ? കാർബൺ ഫുട്ട്പ്രിന്റിനെ കുറിച്ച് കേട്ടിട്ടില്ലാത്തവനോട് കാൽപ്പാദവ്യാപ്തി കുറയ്ക്കാൻ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ?

എന്തായാലും കാൽപ്പാദവ്യാപ്തിയൊക്കെ കുറച്ചിട്ടുവേണം മലയാളിക്ക് ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ. സ്റ്റാർട്ടപ്പിന്റെ മലയാളം അപ്പഴേക്കും ലാൻഡ് ചെയ്യും.

Leave a comment